Sunday, March 6, 2016

kalabhavan mani passed away

ചിരിപ്പിച്ചെത്തി ഹൃദയത്തില്‍ ഇടം പിടിച്ചു, കണ്ണുനനയിച്ചു, പിന്നെ വില്ലനായി ഞെട്ടിച്ചു

 

മണിനാദം പോലെ മുഴങ്ങുന്ന ചിരിയാണ് കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ആദ്യം തെളിയുന്നത്. പേരില്‍ത്തന്നെയുള്ള കലാഭവന്റെ മിമിക്രി വേദികളിലൂടെയാണ് മണി എന്ന കലാകാരന്‍ ചുവടുവയ്ക്കുന്നത്. അക്ഷരം എന്ന ചിത്രത്തിലൂടെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ എത്തിയെങ്കിലും സുന്ദര്‍ദാസ്-ലോഹിതദാസ് കൂട്ടുകെട്ടിലെത്തിയ സല്ലാപത്തിലൂടെയാണ് മണി എന്ന അഭിനേതാവിനെ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത്. ചിത്രത്തില്‍ ഒരു കള്ള്‌ചെത്തുകാരനായിരുന്നു മണിയുടെ കഥാപാത്രം. ചിത്രത്തിലെ മഞ്ജു വാര്യരുടെ നായികാ കഥാപാത്രത്തെ ശല്യം ചെയ്യുന്ന രംഗങ്ങള്‍ ശ്രദ്ധേയമായി. മലയാള സിനിമയില്‍ ഒരു പുതിയ ഹാസ്യതാരം ജനിക്കുകയായിരുന്നു അവിടെ. പിന്നീടങ്ങോട്ട് മണിയില്ലാത്ത ചിത്രങ്ങള്‍ അപൂര്‍വ്വമായി. ചെറിയ ബജറ്റില്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒരുക്കുന്ന സിനിമകളുടെ കാലവും കൂടിയായിരുന്നു അത്. രണ്ടാം നിര നായകന്മാരുടെ ചിത്രങ്ങളില്‍ അവരുടെയെല്ലാം സുഹൃത്തായി മണിയുമെത്തി.
വിനയന്‍ ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങളിലൂടെയാണ് നായകനായി മണി പിന്നീട് സാന്നിധ്യം അടയാളപ്പെടുത്തുന്നത്. കരുമാടിക്കുട്ടനും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെല്ലാം അക്കാലത്ത് തീയേറ്ററുകള്‍ നിറയ്ക്കുകയും ചെയ്തു. ബെന്‍ ജോണ്‍സണ്‍ പോലുള്ള ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന കാലത്ത് മണിക്ക് സ്വന്തമായി ഒരു ആരാധകവൃന്ദമുണ്ടായിരുന്നു. മണിയുടെ ചിത്രങ്ങള്‍ ആദ്യദിനം തീയേറ്ററില്‍ പോയി കാണുന്ന പ്രേക്ഷകര്‍.
കരിയറിന്റെ മധ്യത്തില്‍ അന്യഭാഷ്യയിലും ഭാഗ്യം പരീക്ഷിച്ച മണിക്ക് അവിടെയും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിശേഷിച്ച് തമിഴ്‌നാട്ടില്‍. മണിയുടെ വില്ലന്‍ വേഷങ്ങളായിരുന്നു തമിഴില്‍ ഹിറ്റ്. വന്‍ മുതല്‍മുടക്കിലെത്തുന്ന പല തമിഴ് ചിത്രങ്ങളിലും കൊച്ചിന്‍ ഹനീഫയ്ക്ക് ശേഷം സ്ഥിരമായെത്തുന്ന ഒരു മലയാളി സാന്നിധ്യം ഒരു പക്ഷേ മണിയായിരുന്നു. ശങ്കറിന്റെ രജനി ചിത്രം എന്തിരനില്‍പ്പോലും മണിക്ക് വേഷമുണ്ടായിരുന്നു.
പക്ഷേ ഇടക്കാലത്ത് അദ്ദേഹത്തെ സിനിമകളില്‍ അധികം കാണാതായി. ചില അവാര്‍ഡ് വേദികളിലും അപൂര്‍വ്വം ചില സിനിമകളിലും കണ്ടതൊഴിച്ചാല്‍ മണി സജീവമായിരുന്നില്ല അടുത്ത കാലത്ത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി മലയാള സിനിമാ മേഖലയില്‍ തുടരുന്ന അകാല വിയോഗങ്ങളില്‍ അവസാനത്തെ കണ്ണിയായി കലാഭവന്‍ മണിയും വിടവാങ്ങുമ്പോള്‍ പ്രേക്ഷകരുടെ ഉള്ളില്‍ തെളിയുക ആ ചിരിയാവും. മണിനാദം പോലെയുള്ള നിഷ്‌കളങ്കമായ ആ ചിരി.

 

No comments:

Post a Comment