Sunday, March 6, 2016

kalabhavan mani passed away

കലാഭവന്‍ മണിയുടെ സംസ്‌കാരം വൈകിട്ട് വീട്ടുവളപ്പില്‍; തൃശൂരിലും, ചാലക്കുടിയിലും പൊതുദര്‍ശനം; അസ്വാഭാവിക മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

 

തൃശൂര്‍: ഇന്നലെ അന്തരിച്ച പ്രശസ്ത ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ സംസ്‌കാരം ഇന്നു വൈകിട്ട് അഞ്ചുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം മണിയുടെ മൃതദേഹം തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ രാവിലെ 11.30മുതല്‍ 12 മണി വരെയും, തുടര്‍ന്ന് ചാലക്കുടി നഗരസഭയില്‍ മൂന്നുമണി വരെയും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ കലാഭവന്‍ മണിയുടെ അച്ഛനെ അടക്കിയിരിക്കുന്ന സ്ഥലത്തിനടുത്ത് തന്നെയാണ് മണിയെയും സംസ്‌ക്കരിക്കുന്നത്.
രണ്ടുദിവസം മുന്‍പാണ് കരള്‍രോഗബാധിതനായ കലാഭവന്‍മണിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ അതീവ ഗുരുതരാവസ്ഥയിലായ കലാഭവന്‍ മണി രാത്രി 7.15ഓടെയാണ് മരണമടഞ്ഞത്. കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ ചേരാനെല്ലൂര്‍ പൊലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ചേരാനെല്ലൂര്‍ പൊലീസും, ചാലക്കുടി പൊലീസും ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു.
മദ്യത്തിനൊപ്പം മെഥനോള്‍ കലര്‍ന്നതാണ് മരണത്തിനു കാരണമായതെന്നാണ് ഡോക്റ്റര്‍മാരുടെ സംശയം. തുടര്‍ന്ന് മണിയുടെ സഹോദരന്റെ ആവശ്യപ്രകാരം ചാലക്കുടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ശരീരത്തില്‍ വിഷാംശം കലര്‍ന്നതിനെ തുടര്‍ന്നാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും, ഫോറന്‍സിക് പരിശോധന ഫലവും ലഭിച്ചശേഷം മാത്രമെ അസ്വാഭാവിക മരണത്തെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാനാകു എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഡിവൈഎസ്പി കെ.എസ് സുദര്‍ശനനാണ് അന്വേഷണത്തിന്റെ ചുമതല. അതേസമയം എക്‌സൈസ് അധികൃതരും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഇന്നലെ മണി അവസാനം കൂട്ടുകാരുമൊത്ത് തങ്ങിയിരുന്ന ചാലക്കുടിയിലെ പാഡിയിലുളള ഔട്ട് ഹൗസില്‍ റൂറല്‍ എസ്.പി കെ.കാര്‍ത്തികിന്റെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തിയിരുന്നു ഇവിടെ നിന്നും മദ്യക്കുപ്പികളും, മദ്യത്തിന്റെ സാമ്പിളും പൊലീസ് ശേഖരിച്ചിരുന്നു. കൂടാതെ അടുത്ത സുഹൃത്തുക്കളില്‍ നിന്നും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

 

No comments:

Post a Comment