രാജ്യദ്രോഹക്കുറ്റത്തിന്റെ ഇരുള് പരക്കും കാലത്ത്...
''ഒരു നിയമമുണ്ടാക്കാന് നൂറുവര്ഷങ്ങളെടുത്തേക്കാം; എന്നാല്, ആ നിയമംഅതിന്റെ ജോലി ചെയ്തുതുടങ്ങിക്കഴിഞ്ഞാല്, മറ്റൊരു നൂറുവര്ഷംവേണ്ടിവരും അതില്നിന്ന് രക്ഷനേടാന്''
ഹെന്റി വാര്ഡ്ബീച്ചര്
ലോകത്തെ ഏറ്റവും ഉല്കൃഷ്ടമായ ഭരണഘടനകളില്‍ ഒന്നും, മനുഷ്യപക്ഷത്തു നില്ക്കുന്നതായ നിയമങ്ങളും സ്വന്തമായുള്ളമഹത്തായ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പക്ഷേ, അടുത്തദിവസങ്ങളായി നേരിനായി പോരാടുന്ന മനുഷ്യരെയും, ഫാസിസ്റ്റ് വിരുദ്ധരായ രാഷ്ട്രീയ പ്രവര്ത്തകരെയും, വിദ്യാര്ഥിനേതാക്കളെയും വേട്ടയാടുന്നതിന്റെഭാഗമായി 'രാജ്യദ്രോഹക്കുറ്റം' എന്ന നിയമ സംജ്ഞ നമ്മുടെ രാഷ്ട്രീയ അക്കാദമിക് വ്യവഹാരങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. എന്താണീ നിയമം..? എന്തുകൊണ്ടാണ്ഈ നിയമം അടിയന്തരമായി ശവസംസ്കാരം നടത്തേണ്ട ജനാധിപത്യ വിരുദ്ധമായ ഒന്നാണെന്ന് വാദിക്കുന്നത്..?!
ജവഹര്‍ലാല്‍ നെഹ്റുസര്വ്വകലാശാലയിലെ സംഭവവികാസങ്ങളുമായിബന്ധപ്പെട്ടു, ഫാസിസത്തിനെതിരെഐതിഹാസികമായ ചെറുത്തുനില്പ്പ് സംഘടിപ്പിക്കുന്ന അവിടത്തെ ഉശിരന്‍ വിദ്യാര്‍ഥികള്‍ക്കെതിരായി രാജ്യദ്രോഹക്കുറ്റം ചുമത്തിയതാണ് ഇതുമായി ബന്ധപ്പെട്ട പുതിയസംവാദങ്ങള്ക്ക് തുടക്കം കുറിച്ചത്. കൗതുകകരവും, പരിഹാസ്യവുമായ കാര്യംസംഘപരിവാര് അനുകൂല ടെലിവിഷന്‍ ചാനലായസീ ന്യൂസ് പ്രക്ഷേപണം ചെയ്തമോര്ഫ് ചെയ്തഒരു വീഡിയോ ആണ്ഇത്തരത്തില് കേസെടുക്കാന്‍ തെളിവായി ഹാജരാക്കപ്പെട്ടത്എന്നുള്ളതാണ്. കൂട്ടത്തില്‍ ജെഎന്‍യുവില്‍ വധശിക്ഷക്കെതിരെ നടന്നറാലിയ്ക്ക് രണ്ടു ദിവസത്തിനു ശേഷംഫെബ്രുവരി 11 നു രജിസ്റ്റര്‍ ചെയ്യപ്പെട്ട എഫ്ഐആറും ഹാജരാക്കപ്പെടുകയുണ്ടായി. ഫെബ്രുവരി 9 നുജെഎന്യുവില് നടന്നഈ പരിപാടി വലിയപോലീസ് പടയുടെ സാന്നിധ്യത്തില്‍ ആയിരുന്നു എന്നതും പരാമര്ശിക്കപ്പെടെണ്ടതുണ്ട്.
ഭരണകൂടത്തിന്റെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സമീപഭൂതകാലത്തെ ഉദാഹരണങ്ങള്‍, ഡോ. ബിനായക് സെന്‍, എഴുത്തുകാരി അരുന്ധതി റോയ്, എസ്എആര്‍ ഗീലാനി, അസീം ത്രിവേദി, കൂടംകുളം സമരനായകന് ഉദയകുമാര്‍, തമിഴ്നാട്ടിലെ നാടന്‍ പാട്ട് കലാകാരന് കോവന് തുടങ്ങിയവരാണ്. സൂക്ഷ്മമായ വിശകലനത്തില്‍ രാജ്യദ്രോഹക്കുറ്റംതന്നെ ഇന്ത്യന്‍ ഭരണഘടനയ്ക്കും, അത്വിഭാവനം ചെയ്യുന്ന മനുഷ്യാവകാശ സങ്കല്പ്പങ്ങള്ക്കുംനേര്വിപരീതമാണ് എന്ന്കാണുവാന് കഴിയും.
1870കളില്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന രാഷ്ട്രീയ ചലനമായിരുന്നു വഹാബിമൂവ്മെന്റ്. അതിനെപ്രതിരോധിക്കാനായിസര്‍ ജെയിംസ് സ്റ്റീഫന്‍ ഇന്ത്യന്‍ പീനല്‍ കോഡിലേക്ക് കൂട്ടിച്ചേര്ത്തതാണ് ഇന്നത്തെ രാജ്യദ്രോഹക്കുറ്റത്തിന്റെ ജനനഹേതു. എന്നുവച്ചാല്‍ ഇതിന്റെ ചരിത്രപശ്ചാത്തലം എന്ന് പറയുന്നത്, ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ ഇന്ത്യയില്‍ ഉദയംകൊള്ളുന്ന രാഷ്ട്രീയ പ്രതിരോധങ്ങളെഅടിച്ചമര്ത്താന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആയുധമായാണ് ഈനിയമം നിര്മ്മിക്കപ്പെടുന്നത്. ഇന്ത്യന്‍ പീനല്‍ കോഡില്‍ ഈ ലക്ഷ്യസാക്ഷാത്കാരത്തിനായി124എ-യ്ക്ക് പുറമേ, Dramatic Performances Act, 1876, Vernacular Press Act, 1878 എന്നീകരിനിയമങ്ങളുംകൂട്ടിചേര്ക്കപ്പെട്ടിരുന്നു. കോളനിവാഴ്ച്ചക്കെതിരായഎല്ലാ തരത്തിലുള്ള രാഷ്ട്രീയ ആത്മാവിഷ്ക്കാര, സമര സ്വാതന്ത്ര്യങ്ങളെയും കൈവിലങ്ങിടുന്നതായിരുന്നു ഈനിയമങ്ങള്‍.
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം അവരുടെസ്വാര്ത്ഥതകള്ക്ക്ഇത്തരം കരിനിയമങ്ങള്‍ നിര്‍മ്മിച്ച് മനുഷ്യരെ വേട്ടയാടുന്നത്മനസ്സിലാക്കാം. പക്ഷേ ആധുനിക ജനാധിപത്യ ക്ഷേമരാഷ്ട്രമായ ഇന്ത്യപോലെ ഒരിടത്ത് ഈ നാളുകളിലും ഈനിയമങ്ങള്‍ പ്രസക്തമാകുന്നത്വിരോധാഭാസമാണ്. പ്രധാനവും പ്രസക്തവുമായ കാര്യം, ഈ നിയമത്തിന്റെ പിതാവായ ബ്രിട്ടന് എന്നരാജ്യം 1977 ലെ അവരുടെ നിയമക്കമ്മീഷന് റിപ്പോര്‍ട്ട്പ്രകാരം 2009 ല് ഈ നിയമംഎന്നെന്നേക്കുമായിറദ്ദ് ചെയ്തുകളഞ്ഞു എന്നതാണ്. ബ്രിട്ടീഷ് നീതിന്യായ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ക്ലെയര്വാര്ഡ് ഇതുസംബന്ധിച്ച് പറഞ്ഞത് 'ഈനിയമം മറ്റു രാജ്യങ്ങളില്‍ പോലുംനില നില്ക്കുകയും, മനുഷ്യര്ക്ക്മിണ്ടുവാനുള്ളസ്വാതന്ത്ര്യംപോലും ഹനിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഞങ്ങള്‍ ഇത് അബോളിഷ് ചെയ്യുന്നത് ' എന്നായിരുന്നു.
രാജ്യദ്രോഹക്കുറ്റ നിയമത്തെ സ്വാതന്ത്ര്യ സമരസേനാനികള്‍, സോഷ്യല്‍ ആക്റ്റിവിസ്റ്റുകള്‍, ചരിത്രകാരന്മാര്‍, ഭരണഘടനാ നിര്മ്മാതാക്കള്‍, രാഷ്ട്രീയ പണ്ഡിതര്‍ തുടങ്ങി, ഭരണകൂടവേട്ടയ്ക്ക് വിരുദ്ധമായി ചിന്തിക്കുന്നമുഴുവന് മനുഷ്യരും എക്കാലത്തും എതിര്ത്തുപോന്നിട്ടുണ്ട്. കാരണംഭരിക്കുന്ന സര്ക്കാരുകള്ക്ക്അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്ക്കായിഈ നിയമം ദുരുപയോഗം ചെയ്യാമെന്നത് തന്നെയായിരുന്നു കാരണം. ഇപ്പോള്‍ രാഹുല്ഗാന്ധി, സീതാറാം യെച്ചൂരി, അരവിന്ദ് കേജ്രിവാള് തുടങ്ങി അനേകംആളുകളെ കഴിഞ്ഞ മണിക്കൂറുകളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസേടുക്കുമ്പോള്‍, അത്നമുക്ക് മുന്നില്‍ നേരടയാളമായി രേഖപ്പെടുത്തപ്പെടുന്നു.
ഈനിയമത്തെക്കുറിച്ച്മഹാത്മജി പറഞ്ഞത്, 'ഇന്ത്യന്‍ പീനല്‍ കോഡിലെ രാഷ്ട്രീയ പ്രേരിത നിയമങ്ങള്ക്കിടയിലെ രാജകുമാരന്‍, മനുഷ്യരുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്നത്' എന്നാണ്. ഭരണഘടനാ ശില്പ്പികളില്പ്പെട്ട സര്‍ദാര്‍ ഭോപീന്ദര്‍ സിംഗ്, പ്രൊഫ.യശ്വന്ത് റായ് തുടങ്ങിയവര്‍ 1948 ഡിസംബര്‍ 2 നു നടന്ന ഭരണഘടനാ സംവാദത്തില്‍ പങ്കെടുത്തുകൊണ്ട്, ഇന്ത്യന്‍ ഭരണഘടനയില്‍ 'രാജ്യദ്രോഹം' (Sedition) എന്ന പദംകൂട്ടിച്ചേര്ക്കുന്നതിനെ അതിരൂക്ഷമായി എതിര്ക്കുകയും വിമര്ശിക്കുകയും ചെയ്തിരുന്നു. 1951 ല പ്രശസ്തമായൊരു പാര്ലമെന്റ് പ്രസംഗത്തില്‍ ജവഹര്‍ലാല്‍ നെഹ്റു ഈ നിയമത്തെക്കുറിച്ച് പറഞ്ഞത് 'ഇന്ത്യന്‍ നിയമശരീരത്തില്‍ നിന്നും, അടിയന്തരമായി പിഴുതെറിയേണ്ട അസഹ്യമായ ഉപദ്രവമാണ് രാജ്യദ്രോഹക്കുറ്റ നിയമം' എന്നതാണ്.
റോമിലഥാപ്പര്‍, ഇര്ഫാന് ഹബീബ്, ആദിത്യ മുഖര്ജീ, കെ എന്‍ പണിക്കര്‍, പ്രഭാത് പട്നായിക്, സോയ ഹസ്സന്‍, പി. സായ്നാഥ് തുടങ്ങി അനവധി ചരിത്രകാരന്മാരും, ബുദ്ധിജീവികളും നമ്മുടെ ജനാധിപത്യത്തിന്റെ മുഴുവന്‍ ചേലും, ചാരുതയും നശിപ്പിക്കുന്നഈ നിയമത്തെ സംബന്ധിച്ച ആശങ്കകള്‍ ആവര്‍ത്തിച്ചു പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ജുഡീഷ്യറിയും, രാജ്യദ്രോഹ നിയമ പ്രയോഗങ്ങളും
1891 ലെ ജോഗേന്ദ്ര ചന്ദ്രബോസ് കേസിലാണ് ആദ്യമായി സെക്ഷന്‍ 124A പ്രയോഗിക്കപ്പെടുന്നത്. Age of Consent Bill നെയും, ഇന്ത്യന്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ബ്രിട്ടീഷ് കൊളോണിയല്‍ നടപടികളെയും വിമര്ശിച്ചതിനായിരുന്നുഅദ്ദേഹത്തിനെതിരെഈ കേസ് ചുമത്തപ്പെട്ടത് എന്നും, മാപ്പെഴുതി നല്കിയതിനാല് അദ്ദേഹത്തെ വെറുതെവിട്ടു എന്നും ചരിത്രം വിവരിക്കുന്നു.
സ്വാതന്ത്ര്യലബ്ധിക്കു മുന്നേയുള്ള ഈകുറ്റത്തിന്റെചരിത്രത്തില് വരുന്നത് ബാല ഗംഗാധര തിലകന്എതിരെയും, മഹാത്മാ ഗാന്ധിജിക്ക് എതിരേയും ചുമത്തപ്പെട്ടകേസുകള് തന്നെയായിരുന്നുഅതീവ പ്രാധാന്യമുള്ളവ. ഇതില്‍ തിലകനെ വിചാരണ ചെയ്തജസ്റ്റിസ് ജെയിംസ് സ്ട്രച്ചേ ഇത്തരം നിയമങ്ങളുടെയും, ശിക്ഷകളുടെയും നിര്വഹന കാര്യങ്ങളില്‍ കുപ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ പലകാഴ്ചപ്പാടുകളുംഈ നിയമത്തെ ഭരണകൂടത്തിനെതിരെ എഴുതുന്നതും, മിണ്ടുന്നതും, അത്തരക്കാര്ക്കുഐക്യദാര്ഢ്യം പ്രഖ്യാപിക്കുന്നതുംപോലും കുറ്റകൃത്യമാക്കിമാറ്റി. കൗതുകകരമായ കാര്യംജസ്റ്റിസ് ജെയിംസ് സ്ട്രച്ചേയുടെ'നിയമങ്ങള്‍' കൂടി കൂട്ടിച്ചേര്ത്തു1898 ല് ബാലഗംഗാധര തിലകനെ വിചാരണ ചെയ്തതൊട്ടടുത്ത വര്ഷം അമന്റ്ചെയ്തു എന്നുള്ളതാണ്. ഇത്മുഴുവന് ഇന്ത്യക്കാരുടെയുംഅതിരൂക്ഷമായ എതിര്പ്പുകളെയും, പ്രതിഷേധങ്ങളെയും ക്ഷണിച്ചുവരുത്തി. പിന്നീട് 1908 ല് തിലകന് മേല്‍ ഇതേകുറ്റം ചുമത്തി ആറുവര്ഷത്തെ കഠിനതടവിനു ശിക്ഷിച്ചു. 1916 ല് അദ്ദേഹത്തിന്മേല് സമാനമായ കുറ്റങ്ങള്‍ ചുമത്തി വീണ്ടും വേട്ടയാടാന്‍ ശ്രമിച്ചെങ്കിലും മുഹമ്മദ് അലിജിന്ന അദ്ദേഹത്തെ സമര്ത്ഥമായി രക്ഷിച്ചു എന്ന് ചരിത്രരേഖകള്‍ പറയുന്നു.
'യംഗ് ഇന്ത്യ' യില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന് 1922ല് സാക്ഷാല്‍ മഹാത്മാഗാന്ധിജിക്കെതിരെയുംരാജ്യദ്രോഹക്കുറ്റംചുമത്തുകയുണ്ടായി. ലേഖനങ്ങളെ ന്യായീകരിച്ചുഗാന്ധിജി വിശദീകരണം നല്കിയെങ്കിലും ജഡ്ജിസ്ട്രാങ്ങ്മാന് ഗാന്ധിജിയെ ആറു വര്ഷത്തെതടവിനു ശിക്ഷിച്ചു.
ഭരണഘടനാ അസംബ്ലി സംവാദങ്ങള്ക്കൊടുവില്‍, ഭരണഘടനയുടെ അനുച്ഛേദം 19(2) ല് നിന്നും Sedition എന്ന പദം നീക്കം ചെയ്യപ്പെട്ടു. എന്നാല്‍ 1951 ലേ ആദ്യത്തെ ഭരണഘടനാ ഭേദഗതിയില്‍ അതിനുപകരമായി 'Public Order' എന്ന വാക്ക് കൂട്ടിചേര്ക്കപ്പെട്ടു. സുപ്രീംകോടതി റൊമേഷ്ഥാപ്പറിന്റെയും, ബ്രിജ് ഭൂഷന്റെയും കേസില്‍ പുറപ്പെടുവിച്ചഉത്തരവുകള് പ്രകാരം ജവഹര്‍ലാല്‍ നെഹ്രുവായിരുന്നു ഭേദഗതിനടപടികള്ക്ക് നേതൃത്വം നല്കിയിരുന്നത്. നെഹ്റു ഭേദഗതിക്ക് ശേഷംരാജ്യദ്രോഹക്കുറ്റംപഴയത് പോലെ നിലനില്ക്കില്ല എന്ന്വ്യക്തമാക്കിയെങ്കിലുംസ്റ്റാട്യൂറ്റ്പുസ്തകങ്ങളില്‍ Sediton അത്പോലെ തുടര്ന്നു, കഴിഞ്ഞ ദിവസം രാഹുല്ഗാന്ധി, സിതാറാം യെച്ചൂരി, അരവിന്ദ് കേജ്രിവാള് തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കുന്നത് വരെഅതിന്റെ അവസാന ഉദാഹരണം എത്തിനില്ക്കുന്നു.
കേവലംസമരമുഖത്തെ പ്രസംഗങ്ങളോ, വല്ല അപക്വരുടെയും 'പാകിസ്ഥാന് കീജയ് ' മുദ്രാവാക്യങ്ങളോ രാജ്യദ്രോഹമാകില്ല എന്നത്ഇതിന്റെ സുചിന്തിതമായ നിയമ വ്യാഖ്യാനങ്ങള്‍ പലവട്ടം വ്യക്തമാക്കിയതാണ്. കപടരാജ്യസ്നേഹത്തിന്റെ ലേബലില്‍ എതിര്‍പ്പുകളെ അടിച്ചമര്ത്താനുള്ള ഭരണകൂടങ്ങളുടെആവേശം മുന്കണ്ടരണ്ട് ഹൈക്കോടതികള്‍ 124A വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. താരാസിങ് ഗോപിയുടെ കേസില്‍ (1950) പഞ്ചാബ് ഹരിയാനഹൈക്കോടതിയും രാംനന്ദന്റെ കേസില്‍ (1958) അലഹബാദ് ഹൈക്കോടതിയും വകുപ്പ് ഭരണഘടനയിലെ സ്വാതന്ത്ര്യംസംബന്ധിച്ച വ്യവസ്ഥകള്ക്കെതിരാണെന്നുംഅതിനാല്ത്തന്നെ അസാധുവാണെന്നുംവിധിച്ചു. എന്നാല്‍, കേദാര്നാഥിന്റെ കേസില്‍ (എ.ഐ.ആര്‍. 1962 സുപ്രീംകോര്ട്ട്955) സുപ്രീംകോടതി നിയമവ്യവസ്ഥ ഭരണഘടനാവിരുദ്ധമല്ലെന്നാണ് വിധിച്ചത്.
ബല്വന്ത് സിംഗ് കേസില്‍ സുപ്രീംകോടതി നിരീക്ഷിച്ചത്കേവലം വിപ്ലവത്തിനായി വാദിക്കുന്നതോ, ഭരണകൂടത്തിനെതിരെ തീക്ഷ്ണമായ എതിര്പ്പുയര്ത്തുന്നതോപോലുംരാജ്യദ്രോഹമാകില്ല, രാഷ്ട്രത്തിനെതിരെയഥാര്ത്ഥ കലാപംനടന്നിട്ടില്ലെങ്കില് എന്നതാണ്. അരൂപ് ഭുയാന്‍ കേസിലാവട്ടെ, ബ്രാന്ടെന്ബര്ഗ്കേസിലെ അമേരിക്കന്‍ കോടതിയുടെ നിരീക്ഷണം ശരിവയ്ക്കുകയാണ് ഇന്ത്യന്‍ സുപ്രീംകോടതി ചെയ്തത്. അതെന്തെന്നാല്‍, നിരോധിതമായ ഒരുസംഘടനയിലെ അംഗത്വം പോലും രാജ്യദ്രോഹമാകുന്നില്ല. യഥാര്‍ത്ഥത്തില്‍ അത് രാജ്യദ്രോഹവും, കലാപവും രാജ്യത്തിനെതിരെ സൃഷ്ടിക്കാത്തിടത്തോളം കാലംഎന്ന നിരീക്ഷണമായിരുന്നു.
146 ദുരിത വര്‍ഷങ്ങള്‍ താണ്ടിയിരിക്കുന്നുരാജ്യദ്രോഹക്കുറ്റംചുമത്തുന്ന 124A വകുപ്പ്. മഹാത്മജി മുതല്‍ അരവിന്ദ് കേജ്രിവാള് വരെഅതിന്റെ ഇരകളായിരിക്കുന്നു. 2016 ലുംഇന്ത്യപോലൊരു മഹത്തായ രാജ്യത്ത് ഈ നിയമം നിലനില്ക്കുന്നു എന്നത്സംഘപരിവാര് ഫാസിസ്റ്റുകളിലെഅല്പ്പം വിവരമുള്ളവര്ക്ക്പോലും അഭിമാനകരമായി തോന്നുവാന്‍ വഴിയില്ല. ജെഎന്‍യുവില്‍ നടന്ന റാലി, അതിനെത്തുടര്ന്ന് ഐക്യദാര്ഢ്യംപ്രഖ്യാപിച്ചുസമര മുഖത്തെത്തിയ സീതാറാം യെച്ചൂരി, രാഹുല്ഗാന്ധി, അരവിന്ദ് കേജ്രിവാള് തുടങ്ങിയവര്‍ക്കടക്കം രാജ്യദ്രോഹക്കുറ്റം ചാര്‍ത്തിക്കിട്ടുമ്പോള്‍ മുകളില്‍ പറഞ്ഞസുപ്രീംകോടതി വിധികളുടെ തന്നെ വ്യാഖ്യാനത്തില്‍ അവര്‍ യാതൊരു തെറ്റും നിയമത്തിന്റെ കണ്ണിലും, രാഷ്ട്രീയ ഉത്തരവാദിത്ത്വങ്ങളുടെ കണ്ണിലും ചെയ്തിട്ടില്ല എന്നത്പകല്പോലെ വ്യക്തമാകുന്നു..!!
(റഫറന്സുകള്ക്ക് കടപ്പാട്: ലൈവ്ലോ, അഡ്വ. കാളീശ്വരംരാജ്)